കേന്ദ്രവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അംഗങ്ങളായിട്ടുള്ള ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഏപ്രിൽ മുതലുളള ഗഡുകൾ ലഭിക്കൂ. പി.എം കിസാൻ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് ഇ കെ വൈ സി ഓതന്റിക്കേഷൻൺപൂർത്തിയാക്കണം.
ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നൽകിയാലേ ഇത് പൂർത്തിയാകൂ. പി.എം കിസാൻ പോർട്ടലിൽ ഫാമേഴ്‌സ് കോർണർ എന്ന ലിങ്കിൽ Ekyc ഓതെന്റിക്കേഷൻ ചെയ്യാൻ കഴിയും. ഇതിന് മേയ് 31 വരെ സമയമുണ്ട്.
പി.എം കിസാൻ പദ്ധതിയിൽ സെൽഫ് രജിസ്‌ട്രേഷന്റെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം 04.10.2021 മുമ്പ് സ്വയം രജിസ്റ്റർ ചെയ്ത് ഇതുവരെ അംഗീകാരം ലഭിക്കാത്ത കർഷകൻ ബാങ്ക് പാസ് ബുക്ക് (സഹകരണ ബാങ്ക് അക്കൗണ്ട് പാടില്ല), ആധാർ കാർഡ്, 2018-2019 സാമ്പത്തിക വർഷത്തെയും നടപ്പ് സാമ്പത്തിക വർഷത്തെയും ഭൂ-നികുതി രസീത് തുടങ്ങിയ രേഖകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
പി.എം കിസാൻ വെബ്‌സൈറ്റിൽ ഫാമേഴ്‌സ് കോർണറിൽ അപ്‌ഡേഷൻ ഓഫ് സെല്ഫ് രജിസ്റ്റർ ഫാർമർ എന്ന ഓപ്ഷൻ ഉപയോഗിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യാം. സി.എസ്.സി യിലൂടെ (Common Service Centre) രജിസ്റ്റർ ചെയ്ത കർഷകർ, രജിസ്‌ട്രേഷൻ ചെയ്ത സി.എസ്.സി യിലൂടെ തന്നെ രേഖകൾ അപ്‌ലോഡ് ചെയ്യണം. Website: https://www.pmkisan.gov.in/