നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യണം. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് പോള്‍-ആപ്പ് (POL-APP) മുഖേനയോ, തുണ വെബ് പോര്‍ട്ടല്‍ മുഖനയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയോ പരാതി നല്‍കാം. പരാതിയില്‍ ഫോണിന്റെ ഐ. എം.ഇ.ഐ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം.
www.ceir.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യും. വെബ്‌സൈറ്റില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ ബ്ലോക്ക് സ്റ്റോളെന്‍/ലോസ്റ്റ് മൊബൈല്‍ എന്ന ഓപ്ഷന്‍ കാണാം. അതില്‍ പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും ഫോണ്‍ വാങ്ങിയതിന്റെ ഇന്‍വോയ്‌സ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചാല്‍ ഐ.എം.ഇ.ഐ നമ്പര്‍ (മൊബൈല്‍ നമ്പര്‍) ബ്ലോക്ക് ചെയുന്നതോടെ സിം കാര്‍ഡ് ഫോണില്‍ പ്രവര്‍ത്തിക്കില്ല. നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്താലും ട്രാക്ക് ചെയ്യാന്‍ പോലീസിന് സാധിക്കും. പോലീസ് സ്‌റ്റേഷനില്‍ നല്‍കുന്ന അപേക്ഷയില്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം. നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് കിട്ടിയാല്‍ www.ceir.gov.in ന്‍ മുഖേന അണ്‍ബ്ലോക്ക് ചെയാനുള്ള ബട്ടണുണ്ടാവും. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്‍കി അണ്‍ബ്ലോക്ക് ചെയ്ത കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഉപയോഗിക്കാം.
നഷ്ടമായ സ്മാര്‍ട്ട് ഫോണില്‍ സ്വകാര്യ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്കു തന്നെ ഡിലീറ്റ് ചെയ്യാന്‍ https://www.google.com/android/find/ ഗൂഗിള്‍ ലിങ്ക് ഉപയോഗിക്കാം. നഷ്ടമായ ഫോണില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് പേജില്‍ ലോഗിന്‍ ചെയ്യണം. ഫോണ്‍ റിങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ പേജില്‍ കാണാന്‍ സാധിക്കും. കൂടാതെ ഇറൈസ് ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണില്‍ ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിട്ടുണ്ടെങ്കിലെ സേവനം ലഭ്യമാവു.


