ഇന്റർനെറ്റ് ഇല്ലാതെ ഫീച്ചര്‍ ഫോണിലൂടെയും യുപിഐ പണമിടപാട്: UPI 123PAY ആരംഭിച്ചു

0
709

ഫീച്ചർഫോണുകളിലൂടെ ഇന്റർനെറ്റ് ഇല്ലാതെ തന്നെ പണമയക്കാൻ സാധിക്കുന്ന ‘യുപിഐ 123 പേ’ സേവനത്തിന് തുടക്കമായി. ചൊവ്വാഴ്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് സേവനം ഔദ്യോഗികമായി അവതരിപ്പിച്ചത്. ഈ സേവനത്തിലൂടെ രാജ്യത്ത് നിലവിലുള്ള 40 കോടി ഫീച്ചർഫോൺ ഉപഭോക്താക്കൾക്കും രാജ്യത്തെ ബൃഹത്തായ യുപിഐ പ്ലാറ്റ്ഫോമിന്റെ ഭാഗമാവാൻ സാധിക്കും.

നിലവിൽ മൊബൈൽ ആപ്പുകളുടെ സഹായത്തോടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള സ്മാർട്ഫോണുകളിൽ മാത്രമാണ് യുപിഐ സേവനം ലഭിക്കുന്നത്. എന്നാൽ ഇനി മുതൽ ഫീച്ചർ ഫോൺ ഉടമകൾക്കും തങ്ങളുടെ ഫോൺ ഉപയോഗിച്ച് പണമയക്കാനും സ്വീകരിക്കാനും സാധിക്കും.

സുഹൃത്തുക്കൾക്ക് പണമയക്കാനും, ബില്ലുകൾ അടയ്ക്കാനും, ഫാസ്ടാഗ് റീച്ചാർജ് ചെയ്യാനും അക്കൗണ്ട് ബാലൻസ് പരിശോധിക്കാനുമെല്ലാം ഈ സേവനം പ്രയോജനപ്പെടുത്താനാവും.

ഇത് കൂടാതെ ഡിജിസാഥി എന്ന പേരിൽ 24 മണിക്കൂറും ലഭിക്കുന്ന ഒരു ഹെൽപ് ലൈനും റിസർവ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താൻ 14431 ലേക്കോ, 1800 891 3333 എന്ന നമ്പറുകളിലേക്ക് വിളിക്കുകയോ www.digisaathi.info വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

നാല് വ്യത്യസ്ത രീതികളിൽ യുപിഐ 123 പേ സംവിധാനത്തിലൂടെ പണമയക്കാനാവും.

  1. ഇന്ററാക്റ്റീവ് വോയ്സ് റെസ്പോൺസ് സംവിധാനത്തിലേക്ക് വിളിക്കുക
  2. ഫീച്ചർഫോണുകളിലെ ആപ്പ് സംവിധാനം ഉപയോഗിക്കുക
  3. മിസ്ഡ് കോൾ സംവിധാനത്തിലൂടെ
  4. പ്രോക്സിമിറ്റി സൗണ്ട് അധിഷ്ടിത ഇടപാട്

യുപിഐ 123 പേ ഐവിആർ കോളിംഗ് സേവനത്തിലൂടെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ഡിജിറ്റൽ പേയ്മെന്റ് എങ്ങനെ നടത്താം

യുപിഐ 123 പേ ഫീച്ചർ ഉപയോഗിക്കാനുള്ള ഏറ്റവും ലളിതമായ മാർഗം ഐവിആർ സേവനത്തിലൂടെയാണ്. താഴെ പറയുന്ന രീതിയിലാണ് അത് ഉപയോഗിക്കേണ്ടത്.

  • ഫോണിൽ നിന്ന് 08045163666 എന്ന നമ്പർ ഡയൽ ചെയ്യുക.
  • നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക.
  • പണം കൈമാറാൻ നിങ്ങളുടെ ഫോണിലെ ‘1’ കീയിൽ അമർത്തുക. തുടക്കത്തിൽ യുപിഐ അക്കൗണ്ട് സജ്ജമാക്കേണ്ടി വരും.
  • ബാങ്കിന്റെ പേര് മുഴുവനായി പറഞ്ഞുകൊണ്ട് യുപിഐ-യുമായി ബന്ധിപ്പിച്ച ബാങ്ക് തിരഞ്ഞെടുക്കുക.
  • അപ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന അക്കങ്ങളും അക്കൗണ്ട് ഉടമയുടെ പേരും കേൾക്കാം
  • നിലവിൽ യുപിഐ ഉപഭോക്താവ് അല്ലെങ്കിൽ എടിഎം കാർഡ് നമ്പർ നൽകി രജിസ്റ്റർ ചെയ്ത് 6 അക്കമുള്ള യുപിഐ നമ്പർ സെറ്റ് ചെയ്യണം.
  • വിളിക്കുന്ന അതേ നമ്പറിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അക്കൗണ്ട് സജ്ജമെന്ന അറിയിപ്പ് കിട്ടും.
  • വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ ‘1’ കീ അമർത്തുക.
  • നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയയ്ക്കാൻ ‘1’ കീ ടാപ്പുചെയ്യുക.
  • പണം അയക്കേണ്ട വ്യക്തിയുടെ നമ്പറോ, അക്കൗണ്ട് നമ്പറോ നൽകാം. അതിന് മുമ്പ് അയക്കേണ്ട വ്യക്തിയുടെ ബാങ്കിന്റെ പേര് പറയണം.
  • വിശദാംശങ്ങൾ സ്ഥിരീകരിക്കുക.
  • നിങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്ന തുക നൽകുക.
  • നിങ്ങളുടെ ആറക്ക യുപിഐ പിൻ നൽകി പണം കൈമാറാം.

അക്കൗണ്ട് ബാലൻസ് അറിയാൻ

  • ഫോണിൽ നിന്ന് 08045163666 എന്ന നമ്പർ ഡയൽ ചെയ്യുക.
  • രണ്ടാമത്തെ ഓപ്ഷനാണ് ബാലൻസ് അറിയാനുള്ളത്
  • ആറക്ക യുപിഐ പിൻ നൽകിയാൽ ബാലൻസ് തുക അറിയാനാവും.

റീച്ചാർജ് ചെയ്യേണ്ട വിധം

  • ഇതേ നമ്പറിൽ തന്നെ വിളിച്ച് മൂന്നാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്താൽ റീച്ചാർജ് ഓപ്ഷനാണ്
  • വിളിക്കുന്ന നമ്പറിലേക്കാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ ‘1’ അമർത്തുക, മറ്റ് നമ്പറുകളാണെങ്കിൽ 2 അമർത്തുക
  • ശേഷം റീച്ചാർജ് ചെയ്യേണ്ട നമ്പർ നൽകുക
  • റീച്ചാർജ് ചെയ്യേണ്ട തുക നൽകി ആറക്ക പിൻ നമ്പർ നൽകുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.