വമ്പൻ ഫീച്ചറുകളുമായി വാട്ട്സാപ്പ് : റിയാക്ഷൻസ്, ഗ്രൂപ്പിൽ ഇനി 512 പേർക്ക് ജോയിൻ ചെയ്യാം

0
500

മെസേജുകൾക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങൾ പോലെയുള്ള ഫീച്ചറുകൾ നേരത്തേ തന്നെ വാട്സാപ് പരീക്ഷിച്ചുവരികയായിരുന്നു. 2 ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാൻ സാധിക്കുന്ന മറ്റൊരു ഫീച്ചറും ഇതോടൊപ്പം അവതരിപ്പിച്ചു. ഒരു ഗ്രൂപ്പിലേക്ക് 512 അംഗങ്ങളെ വരെ ചേർക്കാനുള്ള സംവിധാനവും വാട്സാപ് ഒരുക്കുന്നുണ്ട്.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഔദ്യോഗിക സമൂഹ മാധ്യമ പേജിലൂടെയാണ് വാട്സാപ്പിലെ ഇമോജി പ്രതികരണങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ആദ്യം അറിയിച്ചത്.

വാട്സാപ്പിന്റെ എതിരാളികളായ സിഗ്നൽ, ടെലിഗ്രാം, ഐമെസേജ് എന്നിവയിലെല്ലാം ഇമോജി പ്രതികരണ ഫീച്ചർ ലഭ്യമാണ്. എന്നാൽ, മെറ്റായുടെ ഉടമസ്ഥതയിലുള്ള മറ്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളിലും ഇമോജി പ്രതികരണ ഫീച്ചറുണ്ട്.

ഒരേസമയം 2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ അയയ്‌ക്കാനുള്ള ഫീച്ചറും വാട്സാപ് അവതരിപ്പിച്ചിട്ടുണ്ട്. ഫയലുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉണ്ടായിരിക്കും. മുൻപ് ഉപയോക്താക്കൾക്ക് ഒരേസമയം 100 എംബി ഫയലുകൾ മാത്രമാണ് കൈമാറ്റം ചെയ്യാൻ അനുവദിച്ചിരുന്നത്. ഇത് മിക്ക ഉപയോക്താക്കൾക്കും പര്യാപ്തമായിരുന്നില്ല. പരിധി വർധിപ്പിച്ചാൽ ഒരുപാട് വിഡിയോകളും ഫയലുകളും ഒരുമിച്ച് കൈമാറുന്നത് ഉപയോക്താക്കൾക്ക് ഇനി ഒരു പ്രശ്‌നമായിരിക്കില്ല.

എന്നാലും, വലിയ ഫയലുകൾക്കായി വൈഫൈ ഉപയോഗിക്കാൻ വാട്സാപ് ശുപാർശ ചെയ്യുന്നുണ്ട്. വലിയ ഫയലുകൾ അപ്‌ലോഡ് ചെയ്യുമ്പോഴോ ഡൗൺലോഡ് ചെയ്യുമ്പോഴോ എല്ലാം കൈമാറ്റം എത്ര സമയമെടുക്കുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്നതിനായി ഒരു കൗണ്ടർ പ്രദർശിപ്പിക്കുമെന്ന് ബ്ലോഗിൽ സൂചിപ്പിക്കുന്നുണ്ട്.

ഒരു ഗ്രൂപ്പിലേക്ക് 512 പേരെ വരെ ചേർക്കാൻ അനുവദിക്കുമെന്നും വാട്സാപ് അറിയിച്ചു. നിലവിൽ ഒരു ഗ്രൂപ്പിലേക്ക് 256 പേരെ മാത്രമാണ് ചേർക്കാൻ അനുവദിക്കുക. എന്നാൽ, ഈ ഫീച്ചർ എപ്പോൾ പുറത്തിറങ്ങുമെന്ന് വാട്സാപ് വ്യക്തമാക്കിയിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.