തൃശൂരില്‍ രണ്ട് മെഗാ ജോബ് ഫെയറുകള്‍; അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും.

0
660

തൃശൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) എന്നിവയുമായി സഹകരിച്ചാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലേറെ സ്ഥാപനങ്ങള്‍ രണ്ട് മേളകളിലുമായി പങ്കെടുക്കും. നേരിട്ടും ഓണ്‍ലൈനായുമായിരിക്കും തൊഴിലന്വേഷകരുമായുള്ള അഭിമുഖം നടക്കുക.

കേരള നോളജ് എക്കോണമി മിഷൻ തൊഴിൽമേള

അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള കേരള ഡെവലപ്‌മെന്റ് ആന്റ് ഇനൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിന്റെ (കെഡിസ്‌ക്ക്) പദ്ധതിയുടെ ഭാഗമായി 2022 ജനുവരി 18ന് തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് ആദ്യ തൊഴില്‍ മേള. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറു മണി വരെ നടക്കുന്ന തൊഴില്‍ മേളയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചു. knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി തൊഴിലുടമകള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷകരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസൃതമായി കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്താണ് അഭിമുഖത്തിന് അവസരം നല്‍കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ പരിശീലനം നല്‍കും. ആദ്യ തൊഴില്‍ മേളയില്‍ തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി അവരെ തൊഴില്‍ സജ്ജരാക്കാനുള്ള പദ്ധതികളും കേരള നോളജ് എക്കോണമി മിഷന്‍ നടപ്പിലാക്കും. 18 വയസ്സ് പ്രായമുള്ളവരും പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

KASE തൊഴിൽ മേള

കെയ്‌സിന്റെ (KASE)നേതൃത്വത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി www.statejobportal.kerala.gov.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിലേക്കുള്ള തൊഴില്‍ ദാതാക്കളുടെ രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുമായി ഭാഗമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളകളുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജനറല്‍ കണ്‍വീനറുമായി ജില്ലാതല സംഘാടക സമിതിക്ക് രൂപം നല്‍കി.

എംപ്ലോയര്‍ മൊബിലൈസേഷന്‍, കാന്‍ഡിഡേറ്റ് മൊബിലൈസേഷന്‍, പ്രചാരണം, പശ്ചാത്തല സൗകര്യം എന്നിവയ്ക്കായി പ്രത്യേക സബ് കമ്മിറ്റികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ എം എൽ എ സേവ്യര്‍ ചിറ്റിലപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, കേരള നോളജ് ഇക്കോണമി മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം സലീം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, കെയ്‌സ് പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എസ് അനന്തു കൃഷ്ണന്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, വിവിധ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.