വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ ലോഞ്ചിംഗ് ബഹുമാനപ്പെട്ട മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തുടക്കം കുറിച്ചു. സി-ഡാക് (മൊഹാലി) വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്‌ഫോം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിനനുയോജ്യമാം വിധം മാറ്റുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ ട്രയല്‍ റണ്ണിന് ശേഷമാണ് ടെലി മെഡിസിന് തുടക്കമാകുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ടെലി കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയത്. വ്യക്തി സൗഹൃദ ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷനായ ഇ-സഞ്ജീവനി രാജ്യത്തെ ആദ്യത്തെ ദേശീയ ഓണ്‍ലൈന്‍ ഒ.പി. സംവിധാനമാണ്. ഡോക്ടര്‍മാര്‍ക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാര്‍ഗമാണിത്. വ്യക്തികളുടെ മെഡിക്കല്‍ അനുബന്ധ രേഖകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഡോക്ടര്‍ക്ക് ലഭിക്കുന്നതാണ്. വ്യക്തികള്‍ക്ക് ആരോഗ്യ സംബന്ധമായ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതും പോര്‍ട്ടലില്‍ രേഖപ്പെടുത്താനും ചികിത്സ നല്‍കാനുമുള്ള സൗകര്യമുണ്ടായിരിക്കും. തികച്ചും സൗജന്യമായാണ് ഈ സേവനം നല്‍കുന്നത്. ഇതിലൂടെ കോവിഡ് കാലത്തെ യാത്രകള്‍ ഒഴിവാക്കാനും ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാനും സാധിക്കുന്നതാണ്. മാത്രമല്ല ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഈ സംരംഭം ഉപയോഗപ്പെടുത്താവുന്നതാണ്. ജീവിതശൈലീ രോഗങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്കുള്ള ചികിത്സകള്‍ കൃത്യമായി ലഭിക്കുന്നുവെന്നും നിയന്ത്രണ വിധേയമാണെന്നും ഉറപ്പ് വരുത്താന്‍ എല്ലാവരും ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
സ്മാര്‍ട്ട് ഫോണോ, കമ്പൂട്ടറോ, ലാപ്‌ടോപ്പോ, ഇന്റര്‍നെറ്റ് കണക്ഷനുമാണ് ഇതിന് വേണ്ടത്. www.esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ലോഗിന്‍ ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെയാണ് ടെലി മെഡിസിന്‍ ഒ.പി. പ്രവര്‍ത്തിക്കുക. ദിശ കോള്‍ സെന്ററിന്റെ സഹകരണത്തോടെ ആരോഗ്യ കേരളത്തിന്റെ 7 മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച 32 സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ സേവനം നല്‍കുക. എല്ലാ ആശുപത്രികളിലേക്കും ഈ ടെലികണ്‍സള്‍ട്ടേഷന്‍ സംവിധാനം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.