പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക്, 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കലയിലെ എസ്.ഐ.

0
672

ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സിൽ തെരുവിലേക്ക്‌ ഇറങ്ങേണ്ടിവന്ന പെൺകുട്ടി 14 വർഷങ്ങൾക്കിപ്പുറം വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യാണ്.

ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയാണ് ആനി ശിവയെന്ന പോരാളിയായ അമ്മ. കിടക്കാൻ ഒരു കൂരയോ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ ആത്മഹത്യാശ്രമങ്ങളിൽ പരാജയപ്പെട്ട് മരിക്കാനുള്ള ഊർജം നഷ്ടപ്പെട്ട പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയുടേത്.

കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക്‌ മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകൾ അവിടെ തടസ്സം സൃഷ്ടിച്ചു.അമ്മൂമ്മയുടെ വീടിന്റെ ചായ്പിൽ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.

കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി. വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങൾ ബൈക്കിൽ വീടുകളിൽ എത്തിച്ചുകൊടുത്തു. ഉത്സവവേദികളിൽ ചെറിയ കച്ചവടങ്ങൾക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയിൽ കോളേജിൽ ക്ലാസിനുംപോയി സോഷ്യോളജിയിൽ ബിരുദം നേടി.

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയിൽ മാറിമാറിത്താമസിച്ചു. ആൺകുട്ടികളെപ്പോലെ മുടിവെട്ടി. മകൻ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തിൽ കരുതി..

2014-ൽ സുഹൃത്തിന്റെ പ്രേരണയിൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി.2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം..

സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ‘‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.