സമൂഹത്തിൽ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്ക് ഇന്ന് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. കേവലം സുഹൃദ് ബന്ധങ്ങൾക്ക് വേണ്ടി മാത്രം അല്ല മറിച്ച് രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും ആയ എല്ലാ പ്രശ്നങ്ങളുടെയും വിളനിലം തന്നെ സോഷ്യൽ മീഡിയ ആണെന്ന് പറയാം. ഇത്തരത്തിൽ പല തരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ അതിന്റെ ഉള്ളടക്കത്തിലെ സത്യസന്ധത എത്രത്തോളം ഉണ്ടെന്ന് സ്ഥിതീകരിക്കാൻ ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകൾക്ക് കഴിയാറില്ല. ആർക്കും എന്ത് തെറ്റായ വാർത്തകളും പ്രചരിപ്പിക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.
ഇത്തരത്തിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവർ വ്യാജ അക്കൗണ്ടുകൾ വഴിയാവാനാണ് കൂടുതൽ സാധ്യത കാരണം ഒരാൾക്ക് തന്നെ എത്ര അക്കൗണ്ടുകൾ വേണമെങ്കിലും സൃഷ്ടിക്കാം എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. അത് ഒഴിവാക്കാൻ ഈ അക്കൗണ്ടുകൾ വേരിഫൈ ചെയ്യുകയാണ് ഒരു വഴി. അടുത്ത കാലത്ത് മദ്രാസ് ഹൈക്കോടതി അത്തരത്തിൽ ഒരു വിധി പുറപ്പെടുവിച്ചു. ആധാർ നമ്പറുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളെ ബന്ധിപ്പിക്കുക. കേൾക്കുമ്പോൾ അത് ഒരു പരിഹാരമായി തോന്നാം എന്നാൽ ഭാവിയിൽ പല പ്രശ്നങ്ങളും ഇതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഗുണങ്ങൾ:
- ആധാർ ലിങ്ക് ചെയ്താൽ ഒരാൾക്ക് ഒരു അക്കൗണ്ട് എന്ന സംവിധാനം നിലവിൽ വരും. അത് മൂലം മറ്റ് ഫേക്ക് അക്കൗണ്ടുകൾ ഇല്ലാതാകും.
- തെറ്റായ വാർത്തകൾ ഷെയർ ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വളരെ എളുപ്പം.
- ഫേക്ക് ന്യൂസ് പ്രചരിക്കുന്നത് തടയാൻ കഴിയും.
ദോഷങ്ങൾ
- ആധാർ പോലുള്ള സംവിധാനങ്ങൾ രാജ്യത്തെ എല്ലാ പൗരന്മാരും ബാങ്ക്, പാൻ തുടങ്ങിയ സംവിധാനങ്ങളിൽ ബന്ധപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽ എല്ലാ പൗരന്മാരുടെയും ബയോമെട്രിക് വിവരങ്ങൾ ആധാർ ഡാറ്റാബേസിലുണ്ട്.
- ഇത്തരത്തിലുള്ള വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് കിട്ടിയാൽ വൻ തോതിലുണ്ട് വിവര ചോർച്ചകൾക്ക് കാരണമാകും.
- ഫേസ്ബുക്ക് പോലുള്ള അമേരിക്കൻ സ്വകാര്യ കമ്പനികൾക്ക് ഡേറ്റ കിട്ടിയാൽ അവർ നമ്മുടെ വിവരങ്ങൾ തല എണ്ണി മറ്റുള്ള കമ്പിനികൾക്ക് വില്ക്കില്ല എന്ന് ഒരു ഉറപ്പും ഇല്ല. മുൻപ് ഇങ്ങനെ സംഭവിച്ചതിന് ഫേസ് ബുക്ക് നിയമ നടപടി നേരിട്ടതുമാണ്.
- വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് ഇവയെല്ലാം ഫേസ് ബുക്കിന്റെ ആധീനതയിലാണ്, കോടി കണക്കിന് ഉപഭോക്താക്കൾ ആണ് ഇവർക്കുള്ളത്. അപ്പോൾ എല്ലാ ഡാറ്റയും ഒരു കമ്പനിയിൽ തന്നെ എത്തുന്നത് വളരെ വലിയ പ്രശ്നങ്ങൾ ഭാവിയിലുണ്ടാകും.
ആയതിനാൽ ആധാർ സംവിധാനത്തിലെ വിർച്ചുൽ ഐഡി സംവിധാനം വഴി സോഷ്യൽ മീഡിയ അകൗണ്ടുകൾ ബന്ധിപ്പിച്ചാൽ സ്വകാര്യ കമ്പനികൾ വിവരങ്ങൾ ചോർത്തി നല്കുന്നത് ഒഴിവാക്കാനാകും. ഗവൺമെന്റ് ഉചിതമായ തീരുമാനമെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.