സംസ്ഥാന ഗവണ്മെന്റിന്റെ വനമിത്ര പുരസ്‌കാര ജേതാവ് ഡോ. സൈജു ഖാലിദിന്റെ വൃക്ഷ വ്യാപന പദ്ധതിയായ നന്മ മരം ഏർപ്പെടുത്തിയ ഈ വർഷത്തെ നന്മ മരം പരിസ്ഥിതി അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ മൂവാറ്റുപുഴ ഈസ്റ്റ് മാറാടി തട്ടാർകുന്നേൽ ബാബു തട്ടാർകുന്നേലും, കുട്ടികളുടെ വിഭാഗത്തിൽ ഓച്ചിറ പ്രയാർ കൗസ്തഭത്തിൽ മീനാക്ഷിയും അർഹരായി. മികച്ച പരിസ്ഥിതി പ്രവർത്തകനും മാറാടി ഗ്രാമപഞ്ചായത് അംഗവുമായ ബാബു തട്ടാർകുന്നേൽ സ്വന്തം വാർഡിലെ മുഴുവൻ വീടുകളിലും നന്മ മരം പദ്ധതി വ്യാപിപ്പിച്ചു. ഈ പ്രവർത്തനം ആണ് അദ്ദേഹത്തെ അവാർഡ് ജേതാവാക്കിയത്. അദ്ധ്യാപക ദമ്പതികളായ എസ് ശ്രീകുമാറിന്റെയും അർച്ചനയുടെയും മകളായ മീനാക്ഷി നന്മ മരം ലോക്‌ഡൗൺ ചലഞ്ചിലൂടെ ഏതാണ്ട് 200 വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു. ഈ പരിശ്രമം ആണ് പ്രയാർ ആർ. വി.എസ് എം.എച്ച്.എസ്.എസ് ലെ പ്ലസ് ടു വിദ്യാർത്ഥിനിയായ മീനാക്ഷിയെ അവാർഡിന് അർഹയാക്കിയത്.