‘ഇ-ശ്രം’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സായി രണ്ട് ലക്ഷം രൂപ

0
727

രജിസ്‌ട്രേഷന്‍ നടപടികള്‍ ഡിസംബര്‍ 31 വരെ

https://eshram.gov.in/home

അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസായ ‘ഇ-ശ്രം’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം അപകട ഇന്‍ഷുറന്‍സായി രണ്ട് ലക്ഷം രൂപയും ദേശീയ അടിയന്തിരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഈ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും ലഭിക്കും.

16നും 59 വയസ്സിനും ഇടയിലുള്ള ഇ.എസ്.ഐ, ജി.പി.എഫ് ആനുകൂല്യങ്ങള്‍ക്ക് അഹര്‍തയില്ലാത്തവരും ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തതുമായ അസംഘടിതമേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു യൂണിക്ക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭ്യമാക്കും. ഈ കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും.

നിര്‍മ്മാണ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍, വഴിക്കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷകര്‍,കര്‍ഷക തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തടിപ്പണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍ തുടങ്ങിയ കേരള ക്ഷേമനിധിയില്‍ അംഗങ്ങളായ ഇ.എസ്.ഐ, ഇ.പി.എഫ് പരിധിയില്‍ വരാത്ത എല്ലാ തൊഴിലാളികളേയും പോര്‍ട്ടലില്‍ ചേര്‍ക്കാം.

ഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ 2021 ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണം. തൊഴിലാളികള്‍ക്ക് പോര്‍ട്ടലിലേക്ക് സെല്‍ഫ് രജിസ്‌ടേഷനുള്ള സൗകര്യവും കോമണ്‍ സര്‍വ്വീസ് സെന്റര്‍/ അക്ഷയ കേന്ദ്രങ്ങള്‍ / ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് അവരുടെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ഐ.എഫ്.എസ്.സി ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയുടെ സഹായത്തോടെ മൊബൈല്‍ ആപ്പ് വഴി സെല്‍ഫ് രജിസ്‌ടേഷന്‍ നടത്താം. തൊഴിലാളികളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത പക്ഷം കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ / അക്ഷയ കേന്ദ്രങ്ങള്‍ / ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് മുഖേന ബയോമെട്രിക്ക് സംവിധാനത്തിലൂടെ രജിസ്‌ട്രേഷന്‍ നടത്താം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.