ബി.ടെക്. ബിരുദമുള്ളവർക്ക് ബി.എഡും കെ-ടെറ്റും നേടി യു.പി. സ്കൂൾ അധ്യാപകരാകാം. മുമ്പ് ഇവർക്ക് പ്ലസ്ടുവിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്.) കോഴ്‌സിനുമാത്രമേ പ്രവേശനം നേടാനാകുമായിരുന്നുള്ളൂ.
പുതിയ ഉത്തരവിലൂടെ ഇവർക്ക് ബി.എഡിന് പ്രവേശനം നേടാനാകും.
കെ-ടെറ്റ് കിട്ടിയാൽ യു.പി. സ്കൂൾ അധ്യാപകരുമാകാം. എന്നാൽ, ഹൈസ്കൂൾ അധ്യാപകരാകാൻ കഴിയില്ല. കേരളത്തിൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളാണ് യു.പി. വിഭാഗത്തിലുള്ളത്. ദേശീയ വിദ്യാഭ്യാസനയം പിന്തുടരുന്ന സംസ്ഥാനങ്ങളിൽ ഇത് ആറുമുതൽ എട്ടുവരെയാണ്.
ഗണിതം, സയൻസ് എന്നിവ പ്രത്യേകമായി പഠിച്ച് 55 ശതമാനം മാർക്കോടെയുള്ള ബി.ടെക്., ബി.സി.എ. തുടങ്ങിയ കോഴ്‌സുകൾ പാസായവർക്കും ബി.എഡ്. പ്രവേശനംലഭിക്കും.
നിലവിൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് ബി.എഡ്. കഴിഞ്ഞ് അധ്യാപകനിയമനം നേടിയവർക്ക് അംഗീകാരം കിട്ടാനും പുതിയ ഉത്തരവ് സഹായിക്കും. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ.ഇ.ആർ. ഭേദഗതി ചെയ്യും. കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിലും മാറ്റംവരുത്തും.