സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ മലയാളിയായ വടകര കീഴരിയൂർ സ്വദേശി എ കെ ശാരികക്ക് ഈ വർഷത്തെ നന്മ മരം – വനിതാ രത്നം പുരസ്‌കാരം നൽകുമെന്ന് ചെയർമാൻ ഡോ. സൈജു ഖാലിദ് അറിയിച്ചു. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽ ചെയറിൽ ഇരുന്നാണ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്.
ശാരികയുടെ ഇടതു കയ്യുടെ മൂന്ന് വിരലുകൾക്ക് മാത്രമേ ചലനശേഷിയുള്ളൂ. ഈ പരിമിതികളൊക്കെ മറികടന്നാണ് ശാരിക സിവിൽ സർവീസ് എന്ന ലക്ഷ്യം സ്വന്തമാക്കിയത്. കീഴരിയൂർ എരേമ്മൻ കണ്ടി ശശിയുടേയും രാഖിയുടെയും മകളാണ് ശാരിക. നന്മ മരം അവാർഡ് സംസ്ഥാന സമ്മേളനത്തിൽ സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിസ്ഥിതി വിഭാഗം സംസ്ഥാന കോർഡിനേറ്റർ റെജി ജോമിയുടെ നേതൃത്വത്തിൽ വനിതകൾ ലഹരി വിരുദ്ധ നന്മ മരം നട്ടുകൊണ്ട് വനിതാ ദിനം ആചരിച്ചു.
