ഉത്തരാഖണ്ഡിലെ പൗഡിയിലുള്ള സൈനികകുടുംബത്തിലാണ് ബിപിൻ റാവത്തിന്റെ ജനനം. ഹിമാചൽപ്രദേശിലെ ഷിംലയിലുള്ള എഡ്വേഡ് സ്കൂൾ, ഖഡഗ്വാസയിലെ നാഷണൽ ഡിഫൻസ് അക്കാദമി, ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലാണ് പഠനം. അച്ഛൻ ലഫ്. ജനറൽ ലക്ഷ്മൺ സിങ് റാവത്ത് സേവനമനുഷ്ഠിച്ച ’11 ഗൂർഖാ റൈഫിൾസ്’ ന്റെ അഞ്ചാം ബറ്റാലിയനിൽ ഓഫീസറായി 1978-ലാണ് ജനറൽ റാവത്ത് ഔദ്യോഗികജീവിതം തുടങ്ങിയത്.
ഇന്ത്യ-ചൈന അതിർത്തിയിൽ ഇൻഫന്ററി ബറ്റാലിയൻ കമാൻഡന്റും കശ്മീരിൽ ഇൻഫന്ററി ഡിവിഷൻ തലവനുമായി സേവനംചെയ്ത റാവത്ത്, മലമ്പ്രദേശങ്ങളിലെ യുദ്ധമുറകളിൽ വിദഗ്ധനായാണ് അറിയപ്പെടുന്നത്. ഈ വൈദഗ്ധ്യത്തിന്റെ പേരിൽ പരമവിശിഷ്ട സേവാ മെഡലും ഉത്തം യുദ്ധ സേവാമെഡലുമുൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്. ചൈനീസ് അതിർത്തി, കശ്മീർ താഴ്വര, വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2020 ജനുവരി ഒന്നിനാണ് രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാമേധാവിയായി (സി.ഡി.എസ്.) ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റത്. കരസേനാമേധാവിയായി മൂന്നുവർഷം പൂർത്തിയാക്കിയ റാവത്ത് 62 വയസ്സ് പൂർത്തിയാവാൻ രണ്ടരമാസം ബാക്കിനിൽക്കെയാണ് ആദ്യ സംയുക്ത സേനാമേധാവിയായി സ്ഥാനമേറ്റെടുത്തത്. മൂന്നുവർഷമായിരുന്ന അദ്ദേഹത്തിന്റെ കാലാവധി. സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സി.ഡി.എസ്. എന്ന പദവിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത്. 1999-ൽ കാർഗിൽ യുദ്ധത്തിനുശേഷം നിയോഗിക്കപ്പെട്ട കെ. സുബ്രഹ്മണ്യം കമ്മിറ്റിയാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചത്.
മാസ്റ്റർ ഓഫ് സർജിക്കൽ സ്ട്രൈക്സ്’- രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത് ഇപ്രകാരമാണ്. കാർക്കശ്യം, ധീരത, ഉറച്ച നിലപാട്… രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത് നിയോഗിക്കപ്പെട്ടതും വെല്ലുവിളികൾ നേരിടാനുള്ള ആ ചങ്കുറപ്പിനുള്ള അംഗീകാരം കൂടിയായിരുന്നു