2021-2022 പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

0
769

2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ 2021 ജൂലായ് 28ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം.

ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. www.polyadmission.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കണം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ-പത്ത്/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.രണ്ട്) അപേക്ഷിക്കാം.

കേരളത്തിലെ സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം 10, രണ്ട് ശതമാനം വീതം റിസർവേഷൻ ഉണ്ട്. വി.എച്ച്.എസ്.ഇ പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുക.

ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം,കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമുണ്ട്.

എസ്.എസ്.എൽ.സി. യ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേയ്ക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേയ്ക്കുള്ള ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. പൊതു വിഭാഗങ്ങൾക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്.

എൻ.സി.സി/സ്‌പോർസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി 150 രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിച്ചശേഷം പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറേറ്റിലേയ്ക്കും, സ്‌പോർട്‌സ് കൗൺസിലിലേയ്ക്കും നൽകണം.
സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി പ്രത്യേകം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം അതത് പോളീടെക്‌നിക് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.
2021 ജൂലൈ 28 നു ആരംഭിക്കുന്ന ഓൺലൈൻ അപേക്ഷ സമർപ്പണം 2021 ആഗസ്റ്റ് 10 വരെ തുടരും.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ താഴെപറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തുക

  1. അപേക്ഷയിൽ രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പർ അപേക്ഷകന്റേതായിരിക്കണം.
  2. സംവരണത്തിനോ മറ്റു അനുകൂല്യങ്ങൾക്കോ അർഹതയുള്ളവർ അർഹത സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസിൽ നിന്നും ലഭ്യമാക്കിയതിനു ശേഷം അപേക്ഷ പൂരിപ്പിക്കുന്നത് അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാൻ സഹായിക്കും. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ടതുമാണ്.
  3. അപേക്ഷകൻ പ്രവേശനത്തിനായി സംസ്ഥാന തലത്തിൽ ഒരു അപേക്ഷ മാത്രം സമർപ്പിച്ചാൽ മതിയാകും
  4. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ മൊബൈൽ OTP വെരിഫിക്കേഷനു ശേഷം അപേക്ഷാഫീസ് അടക്കുവാനുള്ള ലിങ്ക് ലഭിക്കുന്നതാണ്. അപ്രകാരം ഫീസ് അടക്കാൻ സാധിക്കാത്തവർക്ക് പിന്നീട് www.polyadmission.org എന്ന വെബ്സൈറ്റ് ഹോം പേജിലെ Modify Diploma Application എന്ന ലിങ്ക് വഴി അപ്ലിക്കേഷൻ വീണ്ടും ഓപ്പൺ ചെയ്യാവുന്നതും ഏറ്റവും അവസാനത്തെ പേജിൽ എത്തുമ്പോൾ ഫീസ് അടക്കാവുന്ന ലിങ്ക് വീണ്ടും ലഭിക്കുന്നതുമാണ്. ഫീസ് അടച്ചതിനു ശേഷം മാത്രമേ അപേക്ഷയുടെ പ്രിൻറ് എടുക്കുവാൻ സാധിക്കുകയുള്ളു.
  5. ആപ്ലിക്കേഷനിലെ വിവരങ്ങളെ സംബന്ധിക്കുന്ന രേഖകൾ ഒന്നും അപ്ലോഡ് ചെയ്യേണ്ടതില്ലാത്തതിനാൽ നിങ്ങൾ അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ അനുസരിച്ചായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അപേക്ഷയിൽ തെറ്റു വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
  6. അപേക്ഷയിൽ തെറ്റായ വിവരം നൽകുന്നത് അപേക്ഷകനെന്ന അവകാശവാദം നഷ്ടപ്പെടുന്നതിനിടയാക്കും. തെറ്റായതോ അപൂർണ്ണമായതോ ആയ കാരണത്താൽ അപേക്ഷ നിരസിക്കപ്പെടുകയാണെങ്കിൽ അതുമൂലം അപേക്ഷകനുണ്ടാകാവുന്ന ബുദ്ധിമുട്ടിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
  7. പോളിടെക്നിക് അഡ്മിഷനുമായോ ഓൺലൈൻ അപേക്ഷാ സമർപ്പണമായോ ബന്ധപ്പെട്ട സംശയങ്ങൾക്ക് എല്ലാ പോളിടെക്നിക്കുകളിലെയും ഹെൽപ് ഡെസ്കിൽ ലഭ്യമാക്കിയിട്ടുള്ള അദ്ധ്യാപകരുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഹെല്പ് ഡെസ്കുകളിലെ മൊബൈൽ നമ്പറുകൾ വെബ്സൈറ്റിലെ Contact Us എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.