നീറ്റ് യു.ജി. 2023: അപേക്ഷ ഏപ്രിൽ ആറുവരെ, പരീക്ഷ മേയ് ഏഴിന് – NEET UG 2023

0
853

ബിരുദതല മെഡിക്കൽപ്രവേശനത്തിനുള്ള, രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- അണ്ടർ ഗ്രാജ്വേറ്റ്) 2023 (National Eligibility Cum Entrance Test – UG 2023) നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ. NTA – National Testing Agency) 2023 മേയ് ഏഴിന് (ഞായർ), ഉച്ചയ്ക്ക് രണ്ടുമുതൽ 5.20 വരെ നടത്തും.

പ്രോഗ്രാമുകൾ

MBBS, BDS, BAMS, BUMS, BSMS, BHMS Admissions courses is covered by NEET-UG. B.V.Sc. and A.H., B.Sc. (Hons) Nursing Admission and NEET U.G. Using score/rank.

യോഗ്യത

അപേക്ഷാർഥി 2023 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം (2006 ഡിസംബർ 31-നോ മുമ്പോ ജനിച്ചവർക്ക് അപേക്ഷിക്കാം). ഉയർന്ന പ്രായപരിധിയില്ല. പ്ലസ്ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീവിഷയങ്ങൾ, മാത്തമാറ്റിക്സ്/മറ്റേതെങ്കിലും ഇലക്റ്റീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പ്രത്യേകം ജയിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് (പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം) വാങ്ങി ജയിച്ചിരിക്കണം.

വിദേശത്ത് പഠിച്ചവർ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നിവ ജയിച്ച്, പന്ത്രണ്ടാംക്ലാസ് പരീക്ഷ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. അവരുടെ യോഗ്യതയ്ക്ക് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എ.ഐ.യു.), തുല്യത നൽകിയിരിക്കണം. യോഗ്യതാ കോഴ്സ് അന്തിമപരീക്ഷ അഭിമുഖീകരിച്ച് പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അഭിമുഖീകരിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്/സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, അംഗീകൃത സംസ്ഥാനബോർഡിലെ പ്രൈവറ്റ് പഠനം എന്നിവവഴി യോഗ്യത നേടിയവർ, ബയോളജി/ബയോടെക്നോളജി അഡീഷണൽവിഷയമായി പഠിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. അവരുടെ പ്രവേശന അർഹത, ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ കോടതിവിധിക്കു വിധേയമായിരിക്കും.

നിശ്ചിത സയൻസ് വിഷയങ്ങളോടെയുള്ള, ഇന്റർമീഡിയറ്റ്/പ്രീഡിഗ്രി പരീക്ഷ, പ്രീ പ്രൊഫഷണൽ/പ്രീ മെഡിക്കൽപരീക്ഷ, ത്രിവത്സര സയൻസ് ബാച്ച്‌ലർ പരീക്ഷ, സയൻസ് ബാച്ച്‌ലർ കോഴ്സിന്റെ ആദ്യവർഷപരീക്ഷ, പ്ലസ്ടുവിനു തത്തുല്യമായ അംഗീകൃതപരീക്ഷ എന്നിവയിലൊന്ന് ജയിച്ചവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.

പരീക്ഷാഘടന

പരീക്ഷയുടെ ദൈർഘ്യം മൂന്നുമണിക്കൂർ 20 മിനിറ്റായിരിക്കും. ( 3 hr 20 Min) ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള, ഒരുപേപ്പർ ആണ് പരീക്ഷയ്ക്കുള്ളത്. ഒ.എം.ആർ. ഷീറ്റുപയോഗിച്ചുള്ള ഓഫ്‌ലൈൻ (Offline Examination) പരീക്ഷയാകും. പരീക്ഷാകേന്ദ്രത്തിൽനിന്ന് നൽകുന്ന ബോൾ പോയൻറ് പേന ഉപയോഗിച്ചാണ് ഉത്തരങ്ങൾ നിർദേശിച്ചരീതിയിൽ ഒ.എം.ആർ. ഷീറ്റിൽ രേഖപ്പെടുത്തേണ്ടത്.

ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ നാലുവിഷയങ്ങളിൽ ഓരോന്നിൽനിന്നും രണ്ടുഭാഗങ്ങളിലായി (എ/ബി) ചോദ്യങ്ങൾ ഉണ്ടാകും. ഭാഗം എ-യിൽ 35-ഉം ഭാഗം ബി-യിൽ 15-ഉം ചോദ്യങ്ങൾ. ഭാഗം A. യിലെ 35 ചോദ്യങ്ങളും നിർബന്ധമാണ്. ഭാഗം ബി.യിൽനിന്നും 15-ൽ 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതി. മൊത്തം 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ശരിയുത്തരത്തിന്/ഏറ്റവും അനുയോജ്യമായ ഉത്തരത്തിന് നാലുമാർക്ക് വീതം കിട്ടും. ഒരു ഉത്തരം തെറ്റിയാൽ, ഒരുമാർക്ക് നഷ്ടപ്പെടും. പരമാവധി മാർക്ക് 720 ആയിരിക്കും. പരീക്ഷയുടെ സിലബസ്, ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.

മലയാളത്തിലും ചോദ്യപ്പേപ്പർ

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യപേപ്പർ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഉറുദു ചോദ്യപേപ്പറുകൾ ലഭിക്കും. മലയാളം ചോദ്യപ്പേപ്പർ ആവശ്യപ്പെടുന്നവർക്ക് ഇംഗ്ലീഷ്+ഹിന്ദി+മലയാളം ടെസ്റ്റ് ബുക്ക് ലെറ്റ് കിട്ടും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ

ആലപ്പുഴ/ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂർ, വയനാട്.

അപേക്ഷിക്കുമ്പോൾ രണ്ട് കേന്ദ്രങ്ങൾ മുൻഗണനനിശ്ചയിച്ച് തിരഞ്ഞെടുക്കണം. സ്ഥിരംമേൽവിലാസം അല്ലെങ്കിൽ നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തുള്ള പരീക്ഷാകേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയൂ. വിലാസങ്ങളുടെ തെളിവിലേക്ക് നിശ്ചിതരേഖ അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. വിദേശത്ത് 14 പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.

നീറ്റ് യു.ജി. യോഗ്യത

നീറ്റ് യു.ജി.യിൽ യോഗ്യത നേടാൻ 50-ാം പെർസന്റൈൽ സ്കോർ നേടണം. ഏതു സ്കോറിനുമുകളിലാണോ/താഴെയാണോ പരീക്ഷ എഴുതിയവരിൽ 50 ശതമാനം പേരുടെയും സ്കോർവരുന്നത്, ആ സ്കോറാണ് 50-ാം പെർസന്റൈൽ സ്കോർ. പരീക്ഷാമൂല്യനിർണയം കഴിഞ്ഞേ ഇത് എത്രയെന്ന് വ്യക്തമാകൂ. പട്ടിക/ഒ.ബി.സി. വിഭാഗക്കാർക്ക് 40-ാം പെർസന്റൈൽ സ്കോറും (60 ശതമാനം പരീക്ഷാർഥികളുടെ സ്കോർ ഇതിനുമുകളിലായിരിക്കും), ജനറൽ, ഇ.ഡബ്ല്യു.എസ്‌. വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് 45-ാം പെർസന്റൈൽ സ്കോറും (55 ശതമാനം പരീക്ഷാർഥികളുടെ സ്കോർ ഇതിനുമുകളിലായിരിക്കും) വേണം.

അപേക്ഷ

അപേക്ഷ ഏപ്രിൽ ആറിന് രാത്രി ഒൻപതുവരെ www.neet.nta.nic.in വഴി നൽകാം. ഇൻഫർമേഷൻ ബുള്ളറ്റിൻ ഈ സൈറ്റിൽ ലഭിക്കും. അപേക്ഷാഫീസ് 1700 രൂപ. ജനറൽ ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-1600 രൂപ, പട്ടിക/ഭിന്നശേഷി/തേർഡ് െജൻഡർ-1000 രൂപ. വിദേശത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നവർക്ക് അപേക്ഷാഫീസ് 9500 രൂപയാണ്. ഫീസടയ്ക്കാൻ 2023 ഏപ്രിൽ ആറിന് രാത്രി 11.50 വരെ സമയമുണ്ട്.

അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ:

  • സമീപകാലത്തെടുത്ത പാസ്പോർട്ട്സൈസ് ഫോട്ടോ പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ
  • ഇടത്, വലത് ഫിംഗേഴ്സ്, തമ്പ് ഇംപ്രഷൻ
  • വിലാസം തെളിവ് (സ്ഥിരം, നിലവിലേത്).

ബാധകമെങ്കിൽ മാത്രം അപ്‌ലോഡ് ചെയ്യേണ്ടവ: കാറ്റഗറി സർട്ടിഫിക്കറ്റ്, സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്. രേഖകളുടെ സ്പെസിഫിക്കേഷൻസ് (ഫോർമാറ്റ്, സൈസ് മുതലായവ)

ദേശീയതലത്തിലെ മെഡിക്കൽ സീറ്റുകൾ

മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന എം.ബി.ബി.എസ്./ബി.ഡി.എസ്. അലോട്മെൻറ് പ്രക്രിയയിൽ സർക്കാർ മെഡിക്കൽ/െഡൻറൽ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാക്വാട്ട സീറ്റുകൾ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), കേന്ദ്ര സർവകലാശാലകൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.) കോളേജുകളിലെ ഇൻഷ്വേർഡ് പേഴ്സൺസ് (ഐ.പി.) ക്വാട്ടസീറ്റുകൾ, കല്പിതസർവകലാശാലകളിലെ സീറ്റുകൾ എന്നിവ ഉൾപ്പെടും.

പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽകോളേജിലെ (എ.എഫ്.എം.സി.) എം.ബി.ബി.എസ്. ആദ്യഘട്ട ചോയ്സ് ഫില്ലിങ്/രജിസ്ട്രേഷൻ എം.സി.സി. വെബ് സൈറ്റ് വഴിയാകും. നീറ്റ് യോഗ്യത നേടുന്നവർക്കാണ് അപേക്ഷിക്കാൻ അർഹതലഭിക്കുക. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് എ.എഫ്.എം.സി. നടത്തും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ നിയമനം ലഭിക്കാം.

നഴ്സിങ് പ്രവേശനം

ഏതാനും കേന്ദ്രസ്ഥാപനങ്ങളിലെ ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ് പ്രോഗ്രാം പ്രവേശനവും എം.സി.സി. യു.ജി. അലോട്മെൻറിൽ ഉൾപ്പെടും.

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്.) ആശുപത്രികൾ 2023-ൽ നടത്തുന്ന, ബി.എസ്‌സി. നഴ്സിങ് പ്രോഗ്രാമിലേക്ക് പ്രവേശനം തേടുന്നവർ നീറ്റ് യു.ജി. യോഗ്യത നേടേണ്ടതുണ്ട്. പ്രവേശനത്തിന് അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത് നീറ്റ് യു.ജി. 2023 സ്കോർ/റാങ്ക് പരിഗണിച്ചായിരിക്കും. എ.എഫ്.എം.എസ്. അപേക്ഷ വിളിക്കുമ്പോൾ അവിടേക്കും അപേക്ഷിക്കണം (2022-ലെ വ്യവസ്ഥ). കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മിലിറ്ററി നഴ്സിങ് സർവീസിൽ നിയമനം ലഭിക്കാം.

ആയുഷ്

ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അലോട്മെന്റിൽ ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി ബിരുദ പ്രോഗ്രാമുകളിലെ സീറ്റുകളാണ് ഉൾപ്പെടുന്നത്. ഇതിൽ ഗവൺമെൻറ് കോളേജുകൾ, ഗവ. എയ്ഡഡ് കോളേജുകൾ എന്നിവയിലെ അഖിലേന്ത്യാക്വാട്ട സീറ്റുകൾ, കേന്ദ്രസർവകലാശാലകൾ/ദേശീയസ്ഥാപനങ്ങൾ, കല്പിത സർവകലാശാലകൾ എന്നിവയിലെ സീറ്റുകൾ തുടങ്ങിയവ ഉൾപ്പെടും.

വെറ്ററിനറി

വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന 15% അഖിലേന്ത്യാക്വാട്ട സീറ്റുകളിലേക്കും നീറ്റ് യു.ജി. യോഗ്യത നേടുന്നവരെയാണ് പരിഗണിക്കുന്നത്.

വിദേശപഠനം

വിദേശത്ത് മെഡിക്കൽ, ഡെന്റൽപഠനം ആഗ്രഹിക്കുന്നവരും (ഭാരതീയർ/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ വിഭാഗക്കാർ), നീറ്റ് യു.ജി. 2023 യോഗ്യത നേടേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ച വിവിധവിഭാഗം സ്ഥാപനങ്ങളിൽ/സീറ്റുകളിൽ താത്‌പര്യമുള്ളവർ നീറ്റ് യു.ജി. 2023-ന് ഇപ്പോൾ അപേക്ഷിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപേക്ഷിക്കുമ്പോൾ രജിസ്ട്രേഷനുശേഷം വിവരങ്ങൾ (കാറ്റഗറി ഉൾപ്പെടെ) മാറ്റാൻ കഴിയില്ല. സബ്മിറ്റ് ബട്ടൺ ക്ലിക് ചെയ്യുംമുമ്പ് ഏതുവിവരവും എഡിറ്റ്/മോഡിഫൈ ചെയ്യാം. എന്നാൽ, കറക്‌ഷൻവിൻഡോ തുറക്കുന്നസമയത്ത് ചില ഫീൽഡുകൾ തിരുത്താൻ അവസരം നൽകുമെന്ന് ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 37-ൽ സൂചിപ്പിച്ചിട്ടുണ്ട്.

നൽകുന്ന മൊബൈൽനമ്പർ, ഇ-മെയിൽ എന്നിവ അപേക്ഷാർഥിയുടെയോ, രക്ഷിതാവിന്റെയോ ആകണം. ഇവയിലായിരിക്കും എൻ.ടി.എ. ബന്ധപ്പെടുന്നത്. മൊബൈൽനമ്പർ, ഇ-മെയിൽ എന്നിവ, ഒ.ടി.പി. വഴി ഉറപ്പാക്കേണ്ടതുണ്ട്. കൗൺസിലിങ് വേളയിലും ഇതേ മൊബൈൽനമ്പർ, ഇ-മെയിൽ എന്നിവ ഉപയോഗിക്കേണ്ടിവരും. അതിനാൽ കൗൺസിലിങ് പ്രക്രിയ പൂർത്തിയാകുംവരെ ഇവ സജീവമാക്കിവെക്കുക. ഇൻറർനാഷണൽ മൊബൈൽനമ്പർ നൽകുന്നവർ അധികമായി മറ്റൊരു മൊബൈൽനമ്പർകൂടി നൽകണം

സ്ഥിരം, നിലവിലെ മേൽവിലാസം തെളിയിക്കുവാൻ ആധാർ കാർഡ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, വോട്ടർ ഐ.ഡി. തുടങ്ങിയവ സ്വീകാര്യമാണ്. രണ്ടുവിലാസങ്ങൾക്ക് രണ്ടു വ്യത്യസ്തരേഖകൾ ആണ് തെളിവിലേക്ക് നൽകുന്നതെങ്കിൽ അവ മെർജ് ചെയ്ത് ഒറ്റ പി.ഡി.എഫ്. ഫയലാക്കി അപ്‌ലോഡ്ചെയ്യണം. രണ്ടുവിലാസങ്ങളും ഒന്നുതന്നെയെങ്കിൽ ഒരുരേഖ മതിയാകും.

നിശ്ചിതതീയതിക്കുശേഷം അധികാരികൾ നൽകിയിട്ടുള്ള ഇ.ഡബ്ല്യു.എസ്./ഒ.ബി.സി./എസ്.സി./എസ്.ടി. സർട്ടിഫിക്കറ്റ്‌ അപ്‌ലോഡ് ചെയ്യാൻ പറ്റാതെവന്നാൽ അനുബന്ധംപ്രകാരമുള്ള ഡിക്ലറേഷൻ തത്‌കാലം അപ്‌ലോഡ് ചെയ്താൽമതി (സർട്ടിഫിക്കറ്റ്/ഡിക്ലറേഷൻ മാതൃകകൾ പേജ് 95 മുതൽ 101 വരെയുള്ള പേജുകളിൽ ഉണ്ട്).

ഒരാൾ ഒരു അപേക്ഷയേ നൽകാവൂ. അപേക്ഷ നൽകിയശേഷം കൺഫർമേഷൻപേജിന്റെ പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കണം. ഇതിന്റെ പകർപ്പ് അപേക്ഷാർഥിക്ക് തന്റെ ഇ-മെയിലിൽ എൻ.ടി.എ.യിൽനിന്നും ലഭിക്കും. കൺഫർമേഷൻപേജിന്റെ കോപ്പി എവിടേക്കും അയക്കേണ്ടതില്ല.

കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധപ്രവേശനം

ഓരോ സംസ്ഥാനത്തിന്റെയും സംവരണതത്ത്വങ്ങൾ പ്രകാരമായിരിക്കും, അതതു സംസ്ഥാനസർക്കാർ ഏജൻസി, സംസ്ഥാനക്വാട്ടസീറ്റുകൾ നികത്തുക. കേരളത്തിൽ മെഡിക്കൽ, മെഡിക്കൽ അലൈഡ് കോഴ്സുകളിലെ 2022-ലെ പ്രവേശനത്തിന് നീറ്റ്-യു.ജി. ബാധകമാക്കിയിരുന്നു. പ്രോഗ്രാമുകൾ ഇവയായിരുന്നു

മെഡിക്കൽ: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്.

മെഡിക്കൽ അലൈഡ്: ബി.എസ്‌സി. അഗ്രിക്കൾച്ചർ, ബി.എസ്‌സി. ഫോറസ്ട്രി, ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ്, ബി.വി.­എസ്‌സി ആൻഡ് എ.എച്ച്. (വെറ്ററിനറി), ബി.എസ്‌സി. കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്‌സി. ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ്, കേരള കാർഷിക സർവകലാശാലയുടെ ബി.ടെക്. ബയോടെക്നോളജി.

കേരളത്തിൽ മെഡിക്കൽവിഭാഗം കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി. യോഗ്യത നേടണമെന്നായിരുന്നു 2022-ലെ വ്യവസ്ഥ. മെഡിക്കൽ അലൈഡ് കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി.യിൽ 720-ൽ 20 മാർക്ക് മതി എന്നായിരുന്നു 2022-ലെ വ്യവസ്ഥ. പട്ടികവിഭാഗക്കാർക്ക് ഈ വ്യവസ്ഥയില്ലായിരുന്നു. 2023-ലെ കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സ് വിജ്ഞാപനം (www.cee.kerala.gov.in) വരുമ്പോൾ ഈവർഷത്തെ വ്യവസ്ഥകൾ വ്യക്തമാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.