പാമ്പ് പ്രതിരോധം, സൂര്യാതപം, സൂര്യാഘാതം- അഗ്‌നിരക്ഷാ സേനയു‌‌‌ടെ നിർദ്ദേശങ്ങൾ

0
5
Image credit : Google Gemini
Advertisements

കാട് വെട്ടിത്തെളിച്ച് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് പാമ്പിന്റെ സാന്നിധ്യം പ്രതിരോധിക്കാൻ സാധിക്കും. പാലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ നൽകുന്ന നിർദ്ദേശങ്ങൾ ചുവടെ:-

  1. പാമ്പിനെ എടുക്കുകയോ കുടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. വിഷമുള്ള ചത്ത പാമ്പായാൽ പോലും ഒരിക്കലും കൈകാര്യം ചെയ്യരുത്
  2. കടിയേറ്റാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതുവരെ കാത്തിരിക്കരുത്. ഉടൻ വൈദ്യസഹായം തേടുക.
  3. വരിഞ്ഞ് മുറുകി കെട്ടരുത്
  4. മുറിവ് വീണ്ടും മുറിക്കരുത്
  5. വിഷം വലിച്ചെടുക്കാൻ ശ്രമിക്കരുത്
  6. ഐസ് പുരട്ടുകയോ മുറിവ് വെള്ളത്തിൽ മുക്കുകയോ ചെയ്യരുത്.
  7. വേദന സംഹാരിയായി മദ്യം കുടിക്കരുത്
  8. വേദനസംഹാരികൾ കഴിക്കരുത്

സൂര്യാതപം, സൂര്യാഘാതം: വ്യത്യാസമെന്ത്?

സൂര്യാതപം (Sunburn) ചർമ്മപ്രശ്‌നമാകുമ്പോൾ, സൂര്യാഘാതം (Heat Stroke) ജീവന് തന്നെ ഭീഷണിയാകുന്ന ഗുരുതര അവസ്ഥയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നു.

1.സൂര്യാതപം (Sunburn)

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മ‌ികൾ (Ultraviolet rays) പതിക്കുന്നത് മൂലം ഉണ്ടാകുന്ന പൊള്ളലാണ് സൂര്യാതപം. പ്രത്യേകിച്ച് രാവിലെ  11 മുതൽ വൈകുന്നേരം 3 വരെ ഉള്ള സമയത്ത് പുറത്തു നിൽക്കുമ്പോൾ ഇത് കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

Advertisements

സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ

  • ചർമ്മം ചുവന്ന് വീർക്കുക (Redness & inflammation)
  • പൊള്ളലുകൾ
  • ചൊറിച്ചിൽ
  • ചെറിയ കുമിളകൾ (Blisters)
  • കുറച്ച് ദിവസങ്ങൾക്ക് ശേഷം ചർമ്മം ഉരിഞ്ഞുപോവുക (Peeling)

സൂര്യാതപമേറ്റാലുള്ള പരിഹാര മാർഗ്ഗങ്ങൾ

  • തണുത്ത വെള്ളമോ  ഐസ് ക്യൂബോ ഉപയോഗിച്ച് ശരീരം തണുപ്പിക്കുക
  • ഇടക്കിടെ വെള്ളം കുടിക്കുക
  • പൊള്ളൽ കുമിളകൾ ചൊറിയുകയോ പൊട്ടിക്കുകയോ അരുത്
  • പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക
  • ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ലേപനങ്ങൾ പുരട്ടുക

2. സൂര്യാഘാതം (Heat Stroke)

ശരീരത്തിന് താങ്ങാനാവുന്നതിലും കൂടുതലായി ചൂട് ഏൽക്കുമ്പോൾ ശരീരത്തിന്റെ താപനില നിയന്ത്രണ സംവിധാനം തകരുകയും, ശരീര താപനില 40°C (104°F)-ൽ കൂടുതലായി ഉയരുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. അത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതര അവസ്ഥയിലേക്കാക്കും.

Advertisements

 ലക്ഷണങ്ങൾ

  • അമിതമായ ശരീര ചൂട് (High body temperature)
  • വിയർപ്പ്  ഇല്ലാതാകുക,
  • ചർമ്മം വരണ്ടു ചുവന്നതാകുക
  • തലവേദന,
  • തലകറക്കം (Dizziness)
  • ഛർദ്ദി (Vomiting),
  • അസ്വസ്ഥത
  • മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുക

സൂര്യാഘാതമേറ്റാലുള്ള പരിഹാര മാർഗ്ഗങ്ങൾ

  • സൂര്യഘാതമേറ്റാൽ ഉടനടി  ശരീരം തണുപ്പിക്കാനുള്ള  പ്രവർത്തനങ്ങൾ ചെയ്യുക
  • തണുത്ത സ്ഥലത്തേക്ക് മാറുക / മാറ്റുക, വിശ്രമിക്കുക.
  • ഫാനിനു താഴെയോ തണലുള്ള ഇടങ്ങളിലോ  നിർത്തുക  
  • തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. വീശുക, ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക.
  • ഇടക്കിടക്ക് വെള്ളം കുടിക്കാൻ നൽകുക
  • കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റി കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
  • കഴിയുന്നതും വേഗം വൈദ്യ സഹായം തേടുക

സൂര്യാഘാതമേൽക്കാതിരിക്കാൻ

  • രാവിലെ  11 മുതൽ 3 വരെ വെയിൽ പരമാവധി ഒഴിവാക്കുക
  • ധാരാളം വെള്ളം കുടിക്കുക (Hydration)
  • ലളിതവും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
  • സൺസ്ക്രീൻ (SPF 30+) ഉപയോഗിക്കുക
  • കുട (Hat/Umbrella) ഉപയോഗിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.