കോവിഡ് 19 : സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ഇനി മുതൽ ഓണ്‍ലൈനിലും

0
1183
Advertisements

കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്‍റെ ഒപ്പ് അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്‍റെ മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി നല്‍കും. യാത്രവേളയില്‍ പോലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി ലഭിക്കും. ഒരു ആഴ്ചയില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്നു തവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു.

വെഹിക്കിള്‍ പാസ് ഓണ്‍ലൈനായി നല്‍കുന്നത് മരണം, ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദര്‍ശനം മുതലായ തികച്ചും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ്. പേര്, മേല്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്ത ശഷം ഫോട്ടോ, ഒപ്പ്, ഒഫീഷ്യല്‍ ഐഡി കാര്‍ഡ് എന്നിവയുടെ ഇമേജ് അപ്ലോഡ് ചെയ്യണം. പരിശോധനയ്ക്കു ശേഷം പാസ് യാത്രക്കാരന് മെസ്സേജ് ആയി ലഭിക്കും. ഇതും ആഴ്ചയിൽ പരമാവധി മൂന്നുതവണയേ ലഭിക്കൂ.

Advertisements

നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർക്കെതിരെ നിയമനടപടി സ്വീകരിക്കും. വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും
നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

Leave a ReplyCancel reply

This site uses Akismet to reduce spam. Learn how your comment data is processed.